കോൽക്കത്ത: പശ്ചിമ ബംഗാൾ രാജ്ഭവനിൽ അക്രമികളെ പാർപ്പിച്ചെന്ന തൃണമൂൽ കോൺഗ്രസ് എംപി കല്യാൺ ബാനർജിയുടെ ആരോപണത്തിന് പിന്നാലെ ഗവർണറുടെ നേതൃത്വത്തിൽ രാജ്ഭവനിൽ പരിശോധന.
പരിശോധനയിൽ വിവിധ സേനകൾ പങ്കെടുത്തു. എംപി മാപ്പ് പറഞ്ഞില്ലെങ്കിൽ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും ഗവർണർ മുന്നറിയിപ്പ് നൽകി.
നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കവേ എസ്ഐആറിനെ ചൊല്ലി തൃണമൂൽ കോൺഗ്രസ്-ഗവർണർ പോര് രൂക്ഷമാകുകയാണ്. എസ്ഐആർ നടപടികളോട് സഹകരിക്കണമെന്ന് പറഞ്ഞ ഗവർണറെ വിമർശിച്ചുകൊണ്ടാണ് തൃണമൂൽ കോൺഗ്രസിന്റെ മുതിർന്ന നേതാവ് കല്യാൺ ബാനർജി എംപി ഗുരുതര ആരോപണം ഉന്നയിച്ചത്.
തൃണമൂൽ കോൺഗ്രസ് പ്രവർത്തകരെ കൊല്ലാൻ അക്രമികളെ ആയുധങ്ങളുമായി രാജ്ഭവനിൽ പാർപ്പിക്കുന്നു എന്നായിരുന്നു ആരോപണം. പിന്നാലെയാണ് ഗവർണർ ആരോപണം തെറ്റാണെന്ന് തെളിയിക്കാൻ രാജ്ഭവൻ മുഴുവൻ അരിച്ചുപെറുക്കാൻ ഉത്തരവിട്ടത്.
പോലീസ്, സിആർപിഎഫ്, ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് തുടങ്ങിയവയെല്ലാം തിരച്ചിലിനെത്തി. ഒന്നും കണ്ടെത്തിയില്ലെന്നും തെറ്റായ ആരോപണം ഉന്നയിച്ച എംപി 24 മണിക്കൂറിനകം മാപ്പ് പറഞ്ഞില്ലെങ്കിൽ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും ഗവർണർ പറഞ്ഞു.
കല്യാൺ ബാനർജിക്കെതിരെ നടപടിയെടുക്കാൻ ആവശ്യപ്പെട്ട് ഗവണർ ലോക്സഭ സ്പീക്കർക്ക് കത്തയക്കും. മറ്റ് നിയമപരമായ വഴികളും നോക്കുമെന്നും സി.വി. ആനന്ദബോസിന്റെ ഓഫീസ് അറിയിച്ചു.